പണ്ട് വയലായിരുന്ന, പിന്നെ ചെമ്മണ്ണിട്ട്‌ നികത്തി, ഇപ്പോള്‍ വീടുകള്‍ വളരുന്ന, പഴയ പാടത്തിന്റെ ചെറിയ റോഡിലുടെ സായന്ഹ സവാരികളുടെ കാറില്‍ പോകുമ്പോള്‍, പഴയ സ്വയം സേവകന്‍ ഇപ്പോള്‍ പലചരക്ക് കടക്കാരന്‍ അനില്‍ അണ്ണന്റെ കടയ്ക്കു മുന്‍പില്‍ നില്‍കുന്ന ഒരു കൂട്ടം ചെറുപ്പക്കാരെ നോക്കി അമ്മ പറഞ്ഞു “അതാണ് ബിനു”

“ഏതു ബിനു?”

“ഹ അവന്‍ മെമ്പറായിരുന്നു”

“പഞ്ചായത്താ?”

“ഉം…പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയിരുന്നു…ജില്ലാ പഞ്ചായത്ത് വരെ പൊയ്”

തെല്ലു സന്തോഷത്തോടെ ഞാന്‍ ചോദിച്ചു “ഓ സീ പീ എം”

“ഏയ്….കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ”

“ഹ അമ്മാ പാര്‍ട്ടി എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ ആണ്, മറ്റവര് കോണ്‍ഗ്രസ്‌ ആണ്”

“ഓ നമുക്ക് എല്ലാ പാര്‍ട്ടിയും ഉണ്ട്, കോണ്‍ഗ്രസ്‌ പാര്‍ട്ടിയും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും”

“കോണ്‍ഗ്രസ്‌ പാര്‍ട്ടി പോലും, അപ്പൊ ബീ ജേ പീ പാര്‍ട്ടി ഇല്ലേ”

“നീ പോടാ അവിടുന്ന്, അവരും കാണും”

പേരൂര്കട ജങ്ങ്ഷന്റെ തിരക്കില്‍, കാറില്‍ വീശിയ മൌനത്തില്‍ അമ്മയും ഞാനും ആലോചനയിലേക്ക് തിരിച്ചു പൊയ്. എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് അല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ആള്കാര്‍ക്ക് കഴിയുന്നു എന്ന ചിന്തയിലേക്ക് ഞാനും. വര്‍ഷത്തില്‍ ഒരിക്കല്‍ അമേരിക്കയില്‍ നിന്ന് കെട്ടിയെടുക്കും എന്നെ പഠിപിക്കാന്‍ എന്ന ചിന്തയിലേക്ക് അമ്മയും.